ദുബൈ: യുഎഇ മന്ത്രിസഭയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. അബ്ദുല്ല ബിൻ തൗഖ് അൽ മർറി നേതൃത്വം നൽകുന്ന സാമ്പത്തിക മന്ത്രാലയത്തെ സാമ്പത്തിക, ടൂറിസം മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യുകയും വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം സ്ഥാപിക്കുകയും ചെയ്തതായി ശൈഖ് മുഹമ്മദ് അറിയിച്ചു.
നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം മന്ത്രിസഭയുടെ ഉപദേശക അംഗമായി പ്രവർത്തിക്കും. അടുത്ത വർഷം ജനുവരി മുതലാണ് ഈ സംവിധാനം നിലവിൽ വരുന്നത്. കൗൺസിലുകളിൽ തീരുമാനമെടുക്കുന്നതിനെ പിന്തുണയ്ക്കുക, അവരുടെ തീരുമാനങ്ങൾ ഉടനടി വിശകലനം നടത്തുക, സാങ്കേതിക ഉപദേശം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.










