കൊച്ചി: വളർത്തുനായ്ക്കളുടെ വന്യത പ്രമേയമാക്കിയ മലയാള ചിത്രം ‘എക്കോ’യുടെ നിർമാണാവകാശത്തെച്ചൊല്ലി തർക്കം. സിനിമയുടെ നിർമാണാവകാശം കരാർ ലംഘിച്ച് തട്ടിയെടുത്തെന്നാണ് മുൻ നിർമാതാക്കളുടെ ആരോപണം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിർമാണ പങ്കാളികളാക്കിയ ആരാധ്യ സ്റ്റുഡിയോസ് വഞ്ചനയിലൂടെ സിനിമയുടെ അവകാശം സ്വന്തമാക്കിയെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് സന്ദീപ് ശശിധരന്റെ ഉടമസ്ഥതയിലുള്ള ഹാപ്പി സേപ്പിയൻസ് സ്റ്റുഡിയോസ്, ആരാധ്യ സ്റ്റുഡിയോസിന് വക്കീൽ നോട്ടീസ് അയച്ചു.
വിശ്വാസവഞ്ചന നടത്തി നിർമാണാവകാശം തട്ടിയെടുത്ത ആരാധ്യ സ്റ്റുഡിയോസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്നാണ് ഹാപ്പി സേപ്പിയൻസ് സ്റ്റുഡിയോസിന്റെ ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ 318-ാം വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ‘ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ – ദി ഡോഗ് മാസ്റ്റർ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേരെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
പിന്നീട് ആരാധ്യ സ്റ്റുഡിയോസ് സിനിമയുടെ പേര് മാറ്റി ‘എക്കോ: ദി ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ’ എന്ന പേരിൽ പുറത്തിറക്കിയെന്നാണ് ആരോപണം. ഇതിലൂടെ ഹാപ്പി സേപ്പിയൻസ് സ്റ്റുഡിയോസിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും മുൻ നിർമാതാക്കൾ ആരോപിക്കുന്നു.
നിർമാണത്തിനായി നിശ്ചിത വിഹിതം നിക്ഷേപിക്കാമെന്നും ലാഭത്തിന്റെ 50 ശതമാനം പങ്കുവയ്ക്കാമെന്നുമായിരുന്നു ഹാപ്പി സേപ്പിയൻസ് സ്റ്റുഡിയോസും ആരാധ്യ സ്റ്റുഡിയോസും തമ്മിലുണ്ടാക്കിയ ആദ്യ കരാർ. എന്നാൽ ഈ കരാർ മറച്ചുവെച്ച് ആരാധ്യ സ്റ്റുഡിയോസ് ഏകപക്ഷീയമായി സിനിമയുടെ നിർമാണം ഏറ്റെടുത്തെന്നാണ് വക്കീൽ നോട്ടീസിലെ ആരോപണം.
ഇരുകമ്പനികളും തമ്മിലുള്ള നിർമാണക്കരാർ ഹാജരാക്കണമെന്നും സിനിമയുടെ നിർമാണാവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെടുന്നതിന്റെ അടിസ്ഥാനമായ കരാർ ഏതാണെന്ന് വ്യക്തമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മാറ്റം വരുത്താതെയും നശിപ്പിക്കാതെയും സൂക്ഷിക്കണം. ത്രൈമാസ സാമ്പത്തിക കണക്കുകൾ പങ്കുവെച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്നും ഹാപ്പി സേപ്പിയൻസ് സ്റ്റുഡിയോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി അഭിഭാഷകരായ ടി. സുകേഷ് റോയ്, എ.ആർ. ദീപ എന്നിവർ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. 2025 നവംബറിലാണ് ‘ദി എക്കോ’ റിലീസ് ചെയ്തത്. കേരളത്തിലും പുറത്തും മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന് അഞ്ച് കോടിയോളം രൂപയുടെ മുതൽമുടക്കിൽ 50 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.


