മലപ്പുറം: കുരിയാടംപൊയിൽ അൽഹുദ ജുമാ മസ്ജിദിൽ നിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് ഷിഫിൽ (23), മമ്പാട് പുള്ളിപ്പാടം സ്വദേശി ഫിദൽ ഹമീദ് (23) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 14ന് ഉച്ചയ്ക്ക് 3.30നും നാലിനും ഇടയിലായിരുന്നു മോഷണം. പള്ളിയുടെ മുകൾനിലയിലെ മുറിയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന 15,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ബാഗിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയുമാണ് മോഷണം പോയത്.
സംഭവത്തിൽ പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷിഫിലിനെ തൃശൂരിൽ റെയിൽവേ പൊലീസ് തടഞ്ഞുവെച്ചതിനെ തുടർന്നാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ട്രെയിനുകളിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ഒരു പോക്സോ കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും ഒന്നാം പ്രതിയുടെ മൊഴിയും പരിശോധിച്ചാണ് കൂട്ടുപ്രതിയായ ഫിദൽ ഹമീദിനെ കണ്ടെത്തിയത്. മോഷണത്തിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അറസ്റ്റിലായ പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്ക് മറ്റ് മോഷണക്കേസുകളിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.


