കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂല മേഖലയിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഘാന പൗരൻ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
അഹ്മദി ഗവർണറേറ്റിലെ സബാഹിയ ഇൻവെസ്റ്റിഗേഷൻ ഓഫീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് നടത്തിയ അന്വേഷണത്തിനും നിരീക്ഷണത്തിനുമൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് അഞ്ച് സ്ട്രിപ്പ് ഗർഭച്ഛിദ്ര ഗുളികകളും അന്വേഷണസംഘം കണ്ടെടുത്തു.
ഓരോ സ്ട്രിപ്പും 150 കുവൈത്ത് ദിനാറിനാണ് വിറ്റിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഘാനയിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽനിന്ന് ബന്ധപ്പെട്ടിരുന്ന അജ്ഞാതനായ വ്യക്തിയാണ് ഗുളികകൾ ശേഖരിക്കേണ്ട സ്ഥലങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകിയിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി.
അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത ഗുളികകളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.


