തമിഴ്‌നടന്‍ കൃഷ്ണ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. 20 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായി. മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്ത് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.അറസ്റ്റ് ചെയ്ത കൃഷ്ണയെ ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മുന്‍പ് നുങ്കമ്പാക്കം പൊലീസ് എഐഎഡിഎംകെ മുന്‍ എക്‌സിക്യൂട്ടീവ് അംഗം പ്രസാദ്, ഘാന സ്വദേശി ജോണ്‍, സേലം സ്വദേശി പ്രദീപ് എന്നിവരെ മയക്കുമരുന്ന് കടത്തിന് അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായ എഐഎഡിഎംകെ മുന്‍ എക്‌സിക്യൂട്ടീവ് അംഗം പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയതായി മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് നടന്‍ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു വര്‍ഷത്തോളമായി നടന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.
ലഹരി ഉപയോഗത്തിനായി നാല് ലക്ഷത്തിലധികം രൂപ ഗൂഗിള്‍പേ വഴി നല്‍കിയെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്‍ കൃഷ്ണയും മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചു.




