കതൃക്കടവിലെ ബാറിൽ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം. ഒരു വർഷം മുൻപു വെടിവയ്പ് നടന്ന അതേ സ്ഥലമാണിത്. ഇന്നലെ രാത്രി പത്തരയോടെയാണു സംഘർഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്. യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ചാണ് കുത്തിയത്. ഉദയംപേരൂർ സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. സംഘർഷം വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. നോർത്ത് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ആളുകളെ ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് കതൃക്കടവ് –തമ്മനം റോഡിൽ ഗതാഗത തടസ്സമുണ്ടായി. 2024 ഫെബ്രുവരിയിൽ ഇതേ ബാറിന്റെ മുന്നിലാണ് വെടിവയ്പുണ്ടായത്.




