മസ്കറ്റ്: മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ താൽക്കാലികമായി റദ്ദ് ചെയ്ത് ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ. ഇന്ന് മുതൽ ജൂലൈ 13 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിൽ ജൂലൈ 13 വരെയും ഫ്ലൈറ്റുകൾ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. ജൂലൈ 14 മുതൽ വിമാന സർവീസുകൾ കാണിക്കുന്നുണ്ട്.
യാത്രക്കാർ കുറഞ്ഞതായിരിക്കാം സർവീസുകൾ റദ്ദാക്കാൻ കാരണമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സർവീസുകൾ നിർത്തിവെച്ചതോടെ അടിയന്തിര ആവശ്യങ്ങൾക്കായി നാട്ടിൽപോകാനിരുന്നവർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനിയും സർവീസുകൾ നിർത്തിവെക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.






