തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ കൊലപാതകക്കേസിൽ മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലയനാർകോട്ടയ്ക്ക് സമീപത്തെ കാട്ടിനുള്ളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട കാർ നേരത്തെ പുലയനാർകോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേരും പിടിയിലായത്. അതിർത്തി തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട വിശാഖിന്റെ അയൽവാസിയും സുഹൃത്തുമാണ് മുഖ്യപ്രതി പ്രദീപ്.
പ്രദീപും വിശാഖും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സംഘർഷത്തിൽ വിശാഖ് പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ആ കേസിൽ റിമാൻഡിലായിരുന്ന വിശാഖ് അടുത്തിടെയാണ് ജയിൽ മോചിതനായത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിശാഖിന്റെ വീടിന് മുന്നിലെ റോഡിൽ വച്ചാണ് ആക്രമണം നടന്നത്. കൈ, കാൽ, വയർ എന്നിവിടങ്ങളിൽ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികൾ ഉപയോഗിച്ച KL27 H 9286 നമ്പർ കാർ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മുഖ്യപ്രതി ഉൾപ്പെടെയുള്ള നാല് പേരെയും പൊലീസ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.




