ന്യൂഡൽഹി: ബ്രിക്സിൽ അംഗത്വത്തിനുള്ള പാകിസ്ഥാന്റെ കാത്തിരിപ്പ് നീളുന്നു. 2023ൽ അപേക്ഷ നൽകിയെങ്കിലും ഇതുവരേയും തീരുമാനമായിട്ടില്ല. ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെ കഴിഞ്ഞ വർഷം സംഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വീറ്റോ അധികാരമാണ് പാക്കിസ്ഥാനെ ബ്രിക്സിനു പുറത്തു നിർത്തിയിരിക്കുന്നത്. പുതിയൊരു രാജ്യത്തിന് അംഗത്വം നൽകാൻ നിലവിലുള്ള എല്ലാ അംഗങ്ങളുടെയും അംഗീകാരം ആവശ്യമാണ്.
ബ്രിക്സ് അംഗത്വത്തിനായി അപേക്ഷിച്ച 29 രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളാണ് ബ്രിക്സിൽ ചേരാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് പ്രധാന കാരണം. ബ്രിക്സിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നാണ് പാക്ക് ചിന്ത. ബ്രിക്സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. കൂട്ടായ്മയിലെ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 64.3 ബില്യൺ ഡോളറിൽ നിന്ന് 95.7 ബില്യൺ ഡോളറിലെത്തി.
അംഗത്വത്തിന് പിന്തുണ തേടി അംഗരാജ്യങ്ങളുമായി പാക്കിസ്ഥാൻ ബന്ധപ്പെട്ടുവരികയാണെന്നു റഷ്യയിലെ പാക്കിസ്ഥാൻ സ്ഥാനപതി മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. ലോകത്തിന്റെ 36% വിസ്‌തൃതിയും 40% ആഭ്യന്തര ഉൽപാദനവും 49.5% ജനസംഖ്യയും 26% വാണിജ്യവും ബ്രിക്‌സ് രാജ്യങ്ങളിലാണ്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇത്യോപ്യ, ഇന്തൊനീഷ്യ എന്നിവയാണ് അംഗരാജ്യങ്ങൾ. ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ വ്യാപാരം, ഊർജസുരക്ഷ, സാമ്പത്തിക വിഷയങ്ങൾ അടക്കം ചർച്ചയാകും.


