ദുബായ്: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ്. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
വെറും കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായല്ല, കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കുന്നതിനുള്ള പദ്ധതിയാണെങ്കിൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി പ്രായോഗികമായ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടാകാം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും പദ്ധതിക്കെതിരെ മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതനുസരിച്ച് നിലപാട് മാറില്ലെന്നും പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ഒരു സർക്കാരും ശ്രമിക്കേണ്ടതില്ലെന്നും എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ ഫറഫുദ്ദീൻ പിലാക്കൽ പറഞ്ഞിരുന്നു.
പദ്ധതി നടപ്പാക്കുന്നതിനെതിരെ കെപിസിസി ഭാരവാഹി യോഗത്തിലും ഒരു വിഭാഗം നേതാക്കൾ എതിർപ്പ് അറിയിച്ചിരുന്നു. അതേസമയം, പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും കേന്ദ്രത്തിന് മുന്നിൽ ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതിനിടെ, പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതും കത്തിൽ ചൂണ്ടിക്കാട്ടി. ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.


