ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ സമവായത്തിലെത്തി അംഗരാജ്യങ്ങള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷം നിലനില്‍ക്കെ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിവരെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അംഗരാജ്യങ്ങള്‍ അനുരഞ്ജനത്തിലെത്തിയത്. ഇത് ഇന്ത്യയുടെ നയതന്ത്രമുന്നേറ്റമായി വിശേഷിപ്പിക്കപ്പെടുന്നു. ഇതോടെ ബ്രിക്‌സ് ആദ്യ സെഷന് സമാപനമായി. അവസാന സെഷന്‍ നാളെ അവസാനിക്കും. അടുത്ത ബ്രിക്‌സ് ഉച്ചകോടി ചൈനയില്‍ നടത്താനും ധാരണയായി.
ആദ്യം അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും സമവായ ചർച്ചകളിലൂടെ എല്ലാ അംഗങ്ങളും ‘ന്യൂഡൽഹി പ്രഖ്യാപനം’ അംഗീകരിക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നയിക്കാൻ കാലഹരണപ്പെട്ട സ്ഥാപനങ്ങൾക്കോ തന്ത്രങ്ങൾക്കോ കഴിയില്ല. പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമ്മാണം എന്നിവയിൽ പരിഷ്കാരങ്ങൾ അനിവാര്യമാണ്. ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിലും നിയന്ത്രണങ്ങളിലും ‘ഗ്ലോബൽ സൗത്ത്’ (വികസ്വര രാജ്യങ്ങൾ) തുല്യ പങ്കാളിത്തം വഹിക്കണം. തീരുമാനങ്ങളെ പ്രായോഗിക ഫലങ്ങളാക്കി മാറ്റേണ്ടത് അംഗരാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.



