ഡൽഹി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകുന്ന പുതിയ ‘ഷെയേർഡ് സീസൺ ടിക്കറ്റ്’ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ ‘റെയിൽ വൺ’ ആപ്പ് വഴി ഇനി ഒരു രജിസ്റ്റർ ചെയ്ത ഉപയോക്താവിന് സ്വന്തം പേരിന് പുറമെ അഞ്ച് പേർക്ക് കൂടി, ആകെ ആറ് പേർക്കായി സീസൺ ടിക്കറ്റ് ബുക്ക് ചെയ്യാം.
കുടുംബാംഗങ്ങൾക്കോ ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്കോ വേണ്ടി സ്വന്തം അക്കൗണ്ടിൽനിന്ന് തന്നെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും ഇതുവഴി സാധിക്കും. നേരത്തെ ആപ്പ് ഉടമയ്ക്ക് സ്വന്തം പേരിൽ മാത്രമായിരുന്നു സീസൺ ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നത്. സെപ്റ്റംബർ ഒമ്പത് മുതലാണ് പുതിയ സൗകര്യം നിലവിൽ വന്നത്. സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്യുന്നവർക്കും പ്രതിദിന യാത്രക്കാർക്കും ഏറെ പ്രയോജനകരമാണ് പുതിയ സംവിധാനം.
റെയിൽ വൺ ആപ്പിൽ രജിസ്റ്റർ ചെയ്ത വ്യക്തി സ്വന്തം പേരിൽ എടുക്കുന്ന സീസൺ ടിക്കറ്റിന് ജിയോഗ്രാഫിക്കൽ വെരിഫിക്കേഷൻ പൂർത്തിയാകുന്ന ദിവസം മുതൽ പ്രാബല്യം ലഭിക്കും. എന്നാൽ മറ്റൊരാൾക്കായി ബുക്ക് ചെയ്യുന്ന സീസൺ ടിക്കറ്റിന് അടുത്ത ദിവസം മുതലായിരിക്കും പ്രാബല്യമെന്ന് കോട്ട സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ സൗരഭ് ജെയിൻ പറഞ്ഞു.
സ്വന്തമായി സീസൺ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ റെയിൽ വൺ ആപ്പ് ഉപയോക്താവിന് കുറഞ്ഞത് 18 വയസ് തികഞ്ഞിരിക്കണം. എന്നാൽ മറ്റൊരാൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് കുറഞ്ഞത് അഞ്ച് വയസ് പ്രായമുണ്ടായിരിക്കണം.
എന്താണ് സീസൺ ടിക്കറ്റ്?
രണ്ട് നിർദ്ദിഷ്ട സ്റ്റേഷനുകൾക്കിടയിൽ പതിവായി യാത്ര ചെയ്യുന്നവർക്കായി റെയിൽവേ നൽകുന്ന കാർഡ് അല്ലെങ്കിൽ പാസ് സംവിധാനമാണ് സീസൺ ടിക്കറ്റ്. സ്ഥിരം യാത്രക്കാർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും ഇത് ഏറെ പ്രയോജനകരമാണ്. ദിവസവും ടിക്കറ്റ് കൗണ്ടറിലെത്തി ടിക്കറ്റ് എടുക്കാതെ, നിശ്ചിത കാലയളവിൽ ഈ പാസ് ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.
സബർബൻ, നോൺ-സബർബൻ റൂട്ടുകളിൽ പരമാവധി 150 കിലോമീറ്റർ ദൂരം വരെയാണ് സീസൺ ടിക്കറ്റ് അനുവദിക്കുന്നത്. ജനറൽ അൺറിസർവ്ഡ് സെക്കൻഡ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ മാത്രമേ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകൂ. റിസർവ്ഡ് കോച്ചുകളിലും ദൂരപരിധി നിശ്ചയിച്ചിട്ടുള്ള പ്രത്യേക കോച്ചുകളിലും ഈ ടിക്കറ്റ് ഉപയോഗിക്കാൻ സാധിക്കില്ല.
ക്യുആർ കോഡും യാത്രാ നിയമങ്ങളും
റെയിൽ വൺ ആപ്പിലൂടെ ബുക്ക് ചെയ്ത ഷെയേർഡ് സീസൺ ടിക്കറ്റിന്റെ അച്ചടിച്ച പകർപ്പോ മൊബൈൽ ഫോണിലെ പിഡിഎഫ് പതിപ്പോ യാത്രയ്ക്കിടെ കാണിച്ചാൽ മതിയാകും. ടിക്കറ്റ് എടുത്ത വ്യക്തി കൂടെയില്ലെങ്കിലും മറ്റ് യാത്രക്കാർക്ക് ഈ രേഖകൾ ഉപയോഗിച്ച് യാത്ര ചെയ്യാം.
എല്ലാ സീസൺ ടിക്കറ്റുകളിലും യാത്രക്കാരന്റെ ഫോട്ടോയും ക്യുആർ കോഡും ഉണ്ടായിരിക്കും. ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇമാർക്ക് ഹാൻഡ്‌ഹെൽഡ് ടെർമിനൽ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റിന്റെ ആധികാരികത പരിശോധിക്കാനാകും.
യാത്രയ്ക്കിടെ ക്യുആർ കോഡ് വ്യക്തമായും വായിക്കാവുന്ന തരത്തിലും സൂക്ഷിക്കണമെന്ന് റെയിൽവേ നിർദേശിച്ചു. ക്യുആർ കോഡ് വ്യക്തമല്ലാത്തതിനാൽ ടിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ റെയിൽവേ നിയമപ്രകാരം നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.














