കോഴിക്കോട്: കർണ്ണാടകയിലെ ഷിരൂർ ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2024 ജൂലൈ 16-ന് ഉത്തര കന്നടയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് മരിച്ചത്. അർജുനെ ബന്ധപ്പെടാൻ കുടുംബം ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് കണ്ണാതായ വിവരം പുറംലോകം അറിയുന്നത്.
സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും അടക്കം ഷിരൂരിൽ രക്ഷാ പ്രവർത്തനത്തിന് നേത്യത്വം നൽകി. ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി രക്ഷാദൗത്യം ഇഴഞ്ഞു. മരിച്ച 11 പേരിൽ 9 പേരുടെയും മൃതദേഹം പലതവണയായി കണ്ടെത്തി.
മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരിൽ അരങ്ങേറിയത്. മൂന്നാം ഘട്ടത്തിൽ ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അർജുനെ കണ്ടെത്തിയത്. അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജർ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ജഗന്നാഥ നായിക്കിന്റെയും ലോകേഷ് നായിക്കിന്റെയും മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.






