ആലപ്പുഴ: പള്ളിപ്പുറം തിരോധാന കേസില്‍ സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഇവരുടെ കോഴിഫാമിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സെബാസ്റ്റ്യന്‍റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. റോസമ്മയുടെ വീടിന്‍റെ ഭാഗത്തും സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് റോസമ്മയുടെ വീടിന്‍റെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് നിർണായക തെളിവ് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അടുപ്പിൽ നിന്ന് കത്തി കരിഞ്ഞ ലേഡീസ് വാച്ചിന്റെ സ്ട്രാപ്പ് കണ്ടെത്തി. ആറ് വർഷമായി ഉപയോഗിക്കാതെ കിടന്ന വീട്ടിൽ നിന്നാണ് കത്തി കരിഞ്ഞ വാച്ച് കണ്ടെത്തിയത്.
ഇന്നലെ റോസമ്മയെ ചോദ്യം ചെയ്തിരുന്നു. സെബാസ്റ്റ്യൻ ആറ് മാസം താമസിച്ചത് റോസമ്മയുടെ വീട്ടിലാണെന്നും കോഴി ഫാം തുടങ്ങനെന്ന പേരിൽ 20 സെന്റ് സ്ഥലത്ത് ദുരൂഹ നിർമാണം നടത്തിയെന്നും പിന്നീട് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തിയെന്നും പിന്നീട് കോഴി ഫാം പ്രവർത്തിപ്പിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. നേരത്തെ നടത്തിയ പരിശോധനയിൽ പള്ളിപ്പുറത്തെ വീട്ടിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോട്ടയത്തെ വീട്ടിലാണ് സെബാസ്റ്റ്യനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. അവിടെയും പരിശോധന നടത്തുന്നുണ്ട്.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂർ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു–54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്.






