മലപ്പുറം: പെരിന്തൽമണ്ണയിൽ റോഡിന് കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പട്ടിക്കാട് പാറക്കാതൊടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫിയാസിനാണ് (24) പരിക്കേറ്റത്. പുലർച്ചെ 2:45-ന് പട്ടിക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. പൂപ്പലത്തുള്ള ഓഫീസിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഫിയാസ്. പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് റോഡ് മുറിച്ചുകടന്ന കുറുക്കനെ കണ്ടപ്പോൾ ഫിയാസ് ബൈക്കിന്റെ വേഗത കുറച്ചു. ഇതിന് പിന്നാലെ പൊന്തക്കാട്ടിൽനിന്ന് അപ്രതീക്ഷിതമായി ചാടിയെത്തിയ പുള്ളിപ്പുലിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. റോഡിൽ വീണുകിടന്ന ഫിയാസിനെ ബൈക്കിന് തൊട്ടുപിന്നാലെ വന്ന കാർ യാത്രികരാണ് രക്ഷിച്ചത്.
മൈസൂരുവിലേക്ക് വിനോദയാത്ര പോവുകയായിരുന്ന പൊന്നാനി സ്വദേശികളാണ് കാറിന്റെ ഹോൺ തുടർച്ചയായി മുഴക്കി പുലിയെ തുരത്തി ഫിയാസിനെ രക്ഷിച്ചത്. പ്രദേശത്തെ മണ്ണാർമല, മുള്ള്യാകുർശ്ശി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുമ്പും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.






