ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ മൃതദേഹം സംസ്കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി പ്രസാദ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
നിരവധി ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെ അവിടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് തിരുവനന്തപുരത്തുനിന്ന് മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചത്.






