ന്യൂഡൽഹി: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സന്ദർശിക്കും. പ്രളയബാധിതരോട് പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാകും കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുന്നതെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ പഞ്ചാബ് കണ്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂർ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുക.
വൻകൃഷി നാശം സംഭവിച്ച സംസ്ഥാനത്തിന് കേന്ദ്ര സഹായമില്ലാതെ പിടിച്ചു നിൽക്കാനാകില്ല. നേരത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ ഉടൻ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സഹായധനം പ്രഖ്യാപിക്കുക. സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം 1,70,000 ഹെക്ടർ കൃഷിഭൂമിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. 46 പേർക്ക് ഇതുവരെ മഴക്കെടുതിയിൽ ജീവൻ നഷ്ടമായി.




