കൊച്ചി: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണനാണ് മുൻപ് ഈ അംഗീകാരം സ്വന്തമാക്കിയിട്ടുള്ള മലയാളി. 2023 ലെ പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്.
പുരസ്‌കാര നേട്ടത്തിനു പിന്നാലെ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട മോഹൻലാൻ 48 വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് ആയി ഇതിനെ കാണുന്നു എന്നാണ് പ്രതികരിച്ചത്. “ജൂറിയോടും ഇന്ത്യൻ ഗവണ്മെന്റിനോടും കൂടെ പ്രവർത്തിച്ച അഭിനേതാക്കൾ, സംവിധായകർ, എഴുത്തുകാർ തുടങ്ങിയ എല്ലാവർക്കും നന്ദി. നല്ല റോൾ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് ആണിത്. ഇതിനു മുൻപ് ഈ അവാർഡ് കിട്ടിയത് മഹാരഥൻമാർക്കാണ്, എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ വളരെ സന്തോഷം. ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു.
“വിമർശനങ്ങൾ തോളത്തു ഏറ്റി നടക്കുന്ന ആളല്ല ഞാൻ, ഈ നിമിഷത്തെ കുറിച്ച് ചിന്തിക്കുക. നാളെ ദൃശ്യം 3 ചിത്രീകരണം തുടങ്ങുന്ന ദിവസം ആണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്‌കാര വിവരം പറയാൻ വിളിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല, അതൊരു വൈൽഡ് ഡ്രീം മാത്രമാണെന്ന് തോന്നി, ഒന്ന് കൂടെ പറയൂ എന്ന് ഞാൻ പറഞ്ഞു. സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ചു സ്വപ്നം കാണുന്ന ആളാണ് ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെ.” എന്നും മോഹൻലാൽ പറഞ്ഞു. അതോടൊപ്പം മോഹൻലാലിന്റെ പേരിൽ അവാർഡ് നൽകണമെന്ന റാം ഗോപാൽ വർമയുടെ വാക്കുകൾക്ക് അദ്ദേഹം വലിയ തമാശ പറയുന്ന ആളാണ് എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.






