കൊച്ചി: എളംകുളത്ത് കഫേയിൽ ഉടമയുടെ സുഹൃത്തിനു നേരെ വെടിയുതിർത്ത കേസിൽ കടവന്ത്ര ഗിരിനഗർ ഉമ്മനാൽ വീട്ടിൽ പ്രസാദിനെ (48) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ‌് ചെയ്തു. എളംകുളത്ത് മുബാറക്ക് എന്ന വ്യക്തി നടത്തുന്ന കഫേയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
കഫേയിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ പ്രസാദ് ഉടമ മുബാറക്കിനെ പിടിച്ച് തള്ളുകയായിരുന്നു. ഇതു ചോദ്യം ചെയ്യാനെത്തിയ മുബാറക്കിന്റെ സുഹൃത്ത് മുവാറ്റുപുഴ സ്വദേശി ഹരികൃഷ്ണനു നേരെ ഭീഷണി മുഴക്കുകയും കൈവശം സൂക്ഷിച്ചിരുന്ന പിസ്‌റ്റൾ എടുത്ത് വെടിയുതിർക്കുകയുമായിരുന്നു എന്നു പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.






