നവ്യാ നായരുടെ റീൽ വിഡിയോ ശ്രദ്ധ നേടുന്നു. ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമയിലെ ‘കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ’ എന്ന ഗാനത്തിനൊപ്പമുള്ള ഭാവത്മകമായ നൃത്തത്തിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. കൈതപ്രം വരികൾ എഴുതി രവീന്ദ്രൻ സംഗീതം നൽകിയ ഗാനമാണ് ‘കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ’. എം.ജി.ശ്രീകുമാറും സുജാത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നന്ദിനിയും മോഹൻലാലുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
കുപ്പിവള ഇട്ട് നാടൻ വേഷത്തിൽ ഫ്ലൈറ്റിൽ ഇരുന്നാണ് നവ്യ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘ക്യൂട്ട്’, ‘സൂപ്പർ’, ‘അടിപൊളി’ എന്നിങ്ങനെ നൃത്തത്തെ അഭിനന്ദിച്ചുള്ള നിരവധി കമന്റുകൾ വിഡിയോയ്ക്ക് താഴെ കാണാം.
എന്നാൽ ‘മുല്ലപ്പൂ പിഴ’യുമായി ബന്ധപ്പെട്ട രസകരമായ കമന്റുകളാണ് കൂടുതലും. ‘ഓസ്ട്രേലിയൻ കസ്റ്റംസിന്റെ ഫൈൻ അല്ലെ വിരുന്ന് വന്നത് ചേച്ചി’ എന്നാണ് തമാശ രൂപേണ നവ്യയുടെ അനിയൻ കമന്റിലൂടെ ചോദിച്ചിരിക്കുന്നത്. ‘അതെ അതെ, ഫൈൻ അടിക്കുന്നതിനു മുമ്പ് ആയിരുന്നല്ലോ. പിന്നെ ഫുൾ നെഞ്ചത്തടിയും കരച്ചിലും’ എന്നാണ് നവ്യ മറുപടി നൽകിയത്. ‘ദേ ലക്ഷങ്ങൾ വിലയുള്ള മുല്ലപ്പൂ പിന്നെയും’, കുപ്പിവളയ്ക്ക് ഫൈൻ ഇല്ലല്ലോ അല്ലേ’, ‘മുല്ലപ്പൂവിന്റെ സങ്കടം ഇങ്ങനെയെങ്കിലും മാറട്ടെ’ എന്നിങ്ങനെയാണ് മറ്റു ചില കമന്റുകൾ.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുല്ലപ്പൂവ് കയ്യിൽ വച്ചതിന് നവ്യ നായർക്ക് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളം പിഴ ചുമത്തിയത്. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവിന് ഒന്നേകാൽ ലക്ഷത്തോളം രൂപയായിരുന്നു പിഴ. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.






