സ്വര്‍ണ്ണം ആഭരണമായി മാത്രമല്ല സ്ഥിര നിക്ഷേപമായും ദിനംപ്രതി മൂല്യം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആസ്തിയുമായാണ് ലോകത്ത് ജനങ്ങള്‍ കാണുന്നത്.സ്വര്‍ണ്ണത്തിനോടുള്ള പ്രീയം മറ്റു രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലുള്ളവര്‍ക്കാണ് കൂടുതലെന്നതാണ് യാഥാര്‍ത്ഥ്യം.
ലോകത്തിലെ ഏറ്റവും വലിയ ഉപയോഗിക്കപ്പെടാത്ത സാമ്പത്തിക ആസ്തികളില്‍ ഒന്നായ സ്വര്‍ണം ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമാണുള്ളത്.
ഇന്ത്യന്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ പക്കലാണ് ഉപയോഗിക്കുന്നതിനല്ലാതെ ആസ്തിയായി സ്വര്‍ണ്ണം കൂടുതലുള്ളതെന്നും കണക്കുകള്‍ പറയുന്നുണ്ട്. അത് ഏകദേശം ലോകത്തിലെ സ്വര്‍ണ്ണത്തിന്റെ 11% വരുമെന്നും കണക്കുകള്‍ പറയുന്നു. ഈ 11% എന്ന് പറയുന്നത് 25000 ടണ്ണോളം വരുമെന്നാണ് വിവരം.
ഇത്തരത്തിലുള്ള സ്വര്‍ണ്ണം അമേരിക്കയിലെയും ഇറ്റലിയിലെയും ഫ്രാന്‍സിലെയും റഷ്യയിലെയും മൊത്തം സ്വര്‍ണ്ണത്തിന്റെ കരുതല്‍ ശേഖരത്തെക്കാള്‍ വരുമെന്നതാണ് ഏറെ അത്ഭുതപ്പെടുന്ന ഒന്ന് .കാരണം ഈ സ്വര്‍ണ്ണം ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമാണുള്ളത്. കേവലം 800 ടണ്‍ സ്വര്‍ണ്ണം ഔദ്യോഗികമായി ഇന്ത്യയുടെ കൈവശമുള്ളിടത്താണ് ഇന്ത്യയിലെ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലുമായി 25000 ടണ്‍ സ്വര്‍ണ്ണം നിക്ഷേപമായുള്ളത്.
ലോകത്തിലെ സാമ്പത്തികശക്തിയായ അമേരിക്കയുടെ കൈവശം പോലും 8,133 ടണ്‍ സ്വര്‍ണം മാത്രമാണ് ഔദ്യോഗികമായി ഉള്ളത്. ജര്‍മ്മനിയുടെ പക്കലാകട്ടെ 3,355 ടണ്‍ സ്വര്‍ണ്ണവുമുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക കരുതല്‍ ശേഖരം 800 ടണ്‍ മാത്രമാണ്.
25000 ടണ്‍ വരുന്ന ഈ സ്വര്‍ണ സമ്പത്ത് ഇന്ത്യന്‍ കുടുംബങ്ങള്‍ ധരിച്ചു നടക്കാന്‍ വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നതത്രെ. ലോകത്തിലെ ഏറ്റവും വലിയ ഉപയോഗിക്കപ്പെടാത്ത സാമ്പത്തിക ആസ്തികളില്‍ ഒന്നായാണ് അവര്‍ സ്വര്‍ണ്ണത്തെ കാണുന്നതും സംരക്ഷിക്കുന്നതും വാങ്ങിച്ചു കൂട്ടുന്നതും.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റേയും വ്യവസായ വിദഗ്ധരുടെയും കണക്കുകള്‍ പ്രകാരം, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വീടുകളില്‍ ഏകദേശം 25,000 ടണ്‍ സ്വര്‍ണ്ണം കൈവശം വച്ചിട്ടുണ്ടെന്ന് പറയപ്പെടുമ്പോള്‍ നിലവിലെ വിലയില്‍ ഇത് 2.3-2.4 ലക്ഷം കോടി ഡോളറിലധികം വിലമതിക്കുന്നു എന്നും ഇത് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ ആറിരട്ടി വലുപ്പം വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ നിരവധി വികസിത രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ മുകളിലുമാണ് .
സ്വര്‍ണ്ണത്തിന് തീപിടിച്ച വില വന്നിട്ടും സ്വര്‍ണ്ണത്തിനോടുള്ള പ്രീയം കൂടുന്നതല്ലാതെ ആരും സ്ഥിര നിക്ഷേപമായ സ്വര്‍ണ്ണത്തെ വിറ്റ് പണമാക്കാനോ മറ്റു ആസ്ഥികളാക്കാനോ ശ്രമിക്കുന്നില്ലെന്നും സാമ്പത്തിക വിദഗ്ദരുടെ പഠനങ്ങളില്‍ പറയുന്നു. അതിനൊരു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് സ്വര്‍ണ്ണത്തിന് കുതിച്ചുയരുന്ന വിലതന്നെയാണ്.

സ്ഥിര നിക്ഷേപമായ സ്വര്‍ണത്തിന്റെ ആകര്‍ഷണം സംസ്‌കാരത്തിനും പാരമ്പര്യത്തിനും അതീതമാണെന്ന് വിദഗ്ധര്‍ പറയുന്നത്. പണപ്പെരുപ്പം, വ്യാപാര യുദ്ധങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയാല്‍ അസ്ഥിരമായ ഒരു ലോകത്ത്, അനിശ്ചിതത്വത്തിനെതിരെ സ്വര്‍ണം വിശ്വസനീയമായ ഒരു ആസ്തിയായി തുടരുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താനാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.
പണത്തിന്റെ മൂല്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോളും സ്വര്‍ണ്ണത്തിന്റെ മൂല്യം ഉയരുന്നത് കെണ്ട് തന്നെ സ്വര്‍ണ്ണത്തോടുള്ള ആകര്‍ഷണവും കൂടുന്നു
സ്വര്‍ണം പതിറ്റാണ്ടുകളായി അതിന്റെ മൂല്യം നിലനിര്‍ത്തുന്നു, ഇത് പണ ആഘാതങ്ങളില്‍ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കുന്നു. മാത്രവുമല്ല ഇന്ത്യയില്‍, വായ്പകള്‍ക്ക് ഈടായി സ്വര്‍ണം വ്യാപകമായി ഉപയോഗിക്കുന്നു എന്നതും സ്വര്‍ണ്ണത്തിന്റെ മൂല്യം ഇരട്ടിയാക്കുന്നതിനുള്ള മറ്റൊരു ഘടകമാണ്.ഇന്ത്യയിലെ കുടുംബങ്ങളില്‍ സ്വര്‍ണ്ണം വെറും അലങ്കാര സമ്പത്ത് മാത്രമല്ല; അത് ഒരു സാമ്പത്തിക സുരക്ഷാ വലയംകൂടിയാണ്
പരമ്പരാഗത സര്‍ക്കാരുകള്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമുകള്‍ തുടങ്ങിയ പദ്ധതികളിലൂടെ ഗാര്‍ഹിക സ്വര്‍ണം സമാഹരിക്കാന്‍ ശ്രമിച്ചിക്കുന്നുണ്ടെങ്കിലും ചുരുങ്ങിയ ആളുകള്‍ മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.
സ്വര്‍ണ്ണത്തോടുള്ള വൈകാരിക അടുപ്പം, സ്ഥാപനങ്ങളിലുള്ള വിശ്വാസക്കുറവ്, വിലനിര്‍ണയ ആശങ്കകള്‍ എന്നിവയാണ് ഇതിന് പ്രധാന തടസങ്ങളായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നിരുന്നാലും, ഈ വലിയ സ്വര്‍ണ ശേഖരം ഔപചാരിക സാമ്പത്തിക ഉപകരണങ്ങളിലേക്ക് മാറ്റുന്നത് പോലും ഇന്ത്യയുടെ കനത്ത സ്വര്‍ണ ഇറക്കുമതി ബില്‍ കുറയ്ക്കുമെന്നും കറന്റ് അക്കൗണ്ട് കമ്മിയിലെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും നിഷ്‌ക്രിയ സമ്പത്തിനെ ഉല്‍പാദനപരമായ നിക്ഷേപത്തിലേക്ക് നയിക്കുമെന്നും ചിലര്‍ വാദിക്കുന്നു.

ആഗോള അനിശ്ചിതത്വങ്ങള്‍ ഉയരുകയും സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യുമ്പോഴും, മഞ്ഞ ലോഹത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം ഒരു പൊടിക്കെങ്കിലും കുറയുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ലെന്നുമാത്രമല്ല ആളുകള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള പ്രീയം വര്‍ധിച്ചു വരികയുമാണ്. ഇന്ത്യന്‍ സ്ത്രീകള്‍ സ്വര്‍ണം കൈവശം വയ്ക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.
അതിന് വൈകാരികവും പാരമ്പര്യവുമായ പലകാരണങ്ങളും ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഇത്രയുംമൂല്യം വരുന്ന സ്വത്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വേണ്ടി ഉപയോഗിക്കാന്‍ സാധിച്ചാന്‍ ഇന്ത്യന്‍ എക്കണോമിയില്‍ അത് വലിയ രീതിയുള്ള ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദ്ഗ്ദര്‍ക്ക് പോലും എതിരഭിപ്രായമില്ല.






