തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി സർക്കാർ. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. പലസ്തീൻ അംബാസിഡർ മുഖ്യ അതിഥിയാകുണ്ണ പരിപാടിയിൽ കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകരും പങ്കെടുക്കും. ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് ഫോട്ടൊ എക്സിബിഷൻ നടക്കും.
‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ എന്ന പേരിലുള്ള മാധ്യമോത്സവം സെപ്തംബർ 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ മാധ്യമോത്സവത്തിൽ മാധ്യമപ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികളാണ് നടക്കുന്നത്. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്‌ദീപ് സർദേശായി എന്നിവർ അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങുന്നതിന് എത്തും.
‘മീഡിയ ഫോർ ട്രൂത്ത്, മീഡിയ ഫോർ പീസ്’ എന്ന സ്ലോഗൻ ഉയർത്തുന്ന ഫെസ്റ്റിവലിൽ ഗാസയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകർക്ക് ആദരവേകുന്ന ചിത്രപ്രദർശനവും സംഗമവും ഉണ്ടാകും. ‘കേരള റിയൽ സ്റ്റോറി’ അനാവരണം ചെയ്യുന്ന ഫോട്ടോ എക്സിബിഷനും പ്രത്യേക സെഷനും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വേണ്ടി ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടത്തുമെന്നും മീഡിയ അക്കാദമി അറിയിച്ചു.










