ഇടുക്കി: ഇടുക്കി ഗവണ്‍മെന്‍റ് കോളേജിലെ അസൗകര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നഴ്സിങ് വിദ്യാർത്ഥികളെ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഭിഷിണിപ്പെടുത്തിയതായി ആരോപണം. “ഞങ്ങടെ സർക്കാരിന് ഇടുക്കിയിൽ നഴ്സിങ് കോളേജ് കൊണ്ടുവരാൻ അറിയാമെങ്കിൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ കുട്ടികൾ തയ്യാറായില്ലെങ്കിൽ, കോളജ് ഇവിടെ നിന്ന് മാറ്റാനും അറിയാം” എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
വിദ്യാർത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും യോഗത്തിലാണ് സി വി വർഗീസിന്‍റെ പരാമർശം. യോഗം വിളിച്ചത് ചെറുതോണിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലാണ്. ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. നഴ്സിങ് കോളേജ് പ്രിൻസിപ്പലും ആ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് രക്ഷിതാവ് രാജിമോൾ പറഞ്ഞു.




