കോഴിക്കോട്: കേരളം രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും എന്നാൽ അത് ഏതെങ്കിലും കസേര നോക്കിയിട്ടല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ‘ആലപ്പുഴയില്‍നിന്ന് ജനങ്ങള്‍ വിജയിപ്പിച്ച എംപിയാണ് ഞാന്‍, കേരളത്തില്‍ സജീവമായി ഉണ്ടാകും. പാര്‍ട്ടിയെയും യുഡിഎഫിനെയും വിജയത്തിലെത്തിക്കാനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാനുമാണ് കേരളത്തിൽ സജീവമാകുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പിഎം ശ്രീ നടപ്പാക്കുന്നത് കേരളത്തില്‍ ബിജെപി- സിപിഎം ഡീലിന്റെ ഭാഗമാണ്, കോണ്‍ഗ്രസ് നടപ്പാക്കുന്നു എന്നത് തെറ്റായ ധാരണയാണെന്നും വേണുഗോപാൽ പറഞ്ഞു.
ഗാന്ധിയെ കുറിച്ച് പഠിക്കേണ്ടയെന്നും ഗോഡ്സയെ കുറിച്ച് പഠിക്കണമെന്നുമാണ് കേന്ദ്ര നിലപാട്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കില്ല. അത് നടപ്പാക്കുന്ന കൈക്കൂലി ആണോ 1400 കോടി രൂപയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ സി വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്.


