തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ സംഘത്തിലെ മുഖ്യപ്രതിയായ നഴ്‌സിങ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അങ്കമാലി കാര്യംപറമ്പ് സ്വദേശി ഡെന്നി ജോസ് ആണ് ബംഗളൂരുവിലെ ഷംപുരയിൽ നിന്ന് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 9-ന് ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി എത്തിയ നെയ്യാറ്റിൻകര വെൺപകൽ സ്വദേശി ശ്യാമിനെ പൊലീസ് പിടികൂടിയിരുന്നു. ശ്യാമിന്റെ മൊഴിയിൽ നിന്നാണ് ഡെന്നി ജോസിന്റെ പങ്ക് പുറത്തായത്.
റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം ഇയാളുമായി ബംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസ് പിടിയിലാവുന്നത്. പാറശാല എസ്.ഐ ദീപു എസ്.എസ്.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.




