മലപ്പുറം: ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി ധനഞ്ജയ് ആണ് മരിച്ചത്. എയർപോർട്ട് റോഡിലെ തോട്ടശ്ശേരി മല്ലപ്പടിയിലാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി എയർപോർട്ട് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.
യാത്ര ചെയ്ത ഥാർ ജീപ്പ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ധനഞ്ജയ്, ഹാഷിം, ഷമീം, ഫഹദ്, ആദർശ് എന്നിവരെ നാട്ടുകാർ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ധനഞ്ജയ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
നാട്ടുകാർ ചേർന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഷമീമിനെ കെഎംസിടിയിലേക്കും മാറ്റി.
അപകട വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.




