മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റാണ് കിലുക്കം. ജോജിയും നിശ്ചലും നന്ദിനി തമ്പുരാട്ടിയും ഇന്നും പ്രേക്ഷക മനസ്സിൽ ചിരിയും നൊമ്പരവുമായി നിറയുന്നു. ഈ സിനിമയിലെ നന്ദിനി തമ്പുരാട്ടിയെ രേവതിയെന്ന നടി അനശ്വരയാക്കി. ചിത്രമെന്ന സിനിമയുടെ കഥ കേട്ടപ്പോൾ പറ്റില്ലെന്നായിരുന്നു പ്രിയദർശനോട് രേവതി പറഞ്ഞത്. അങ്ങനെ ചിത്രത്തിൽ രജിനി ചിത്രത്തിൽ നായികയായി.
കിലുക്കത്തിൽ രേവതി നായികയായതിന് പിന്നിലും അത്തരമൊരു കഥയുണ്ട്. വന്ദനത്തിന്റെ തെലുങ്ക് റിമേക്കായ നിർണ്ണയം എന്ന ചിത്രത്തിലെ ജോഡി നാഗാർജുനയും അമലയുമായിരുന്നു. ഇതേ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു പ്രിയദർശൻ അമലയോടു കിലുക്കത്തിലെ നന്ദിനി തമ്പുരാട്ടിയേക്കുറിച്ചു പറയുന്നത്. 1991 മാർച്ച് 3 മുതൽ ഏപ്രിൽ 4 വരെയുള്ള ഡേറ്റ് അമല കിലുക്കത്തിനായി കൊടുത്തു. മോഹൻലാൽ നായകനായ ‘കിലുക്കം’ ‘ഉള്ളടക്കം’ എന്നീ ചിത്രങ്ങളിലെ നായികമാരുമായി ബന്ധപ്പെട്ട കൗതുകകരമായ വസ്തുതയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്രിയദർശൻ സിനിമയായ ‘കിലുക്ക’ത്തിലെ രേവതിയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ്. കമൽ സംവിധാനം ചെയ്ത ‘ഉള്ളടക്ക’ത്തിലെ നന്ദിനി എന്ന കഥാപാത്രം അമലയ്ക്കും ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ഈ സിനിമകളിലെ നായികമാർ പരസ്പരം മാറി വന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കാരണം,
മോഹൻലാൽ ഫാൻസ് ക്ലബ് പേജാണ് കൗതുകകരമായ ഈ വസ്തുത വെളിപ്പെടുത്തിയത്. കിലുക്കത്തിൽ ആദ്യം നായികയായി തീരുമാനിച്ചത് അമലയെയായിരുന്നു എന്ന് കുറിപ്പിൽ പറയുന്നു. അവസാന നിമിഷം അമലയ്ക്ക് പിൻമാറേണ്ടി വന്നതോടെയാണ് രേവതിയെ ചിത്രത്തിൽ നായികയാക്കുന്നത്. സമാനമായി, കമൽ സംവിധാനം ചെയ്ത ‘ഉള്ളടക്ക’ത്തിൽ നായികയായി തീരുമാനിച്ചിരുന്നത് രേവതിയെയായിരുന്നു. ‘കിലുക്ക’ത്തിന് സമാനമായ കഥാപാത്രമായതിനാൽ രേവതി നിരസിച്ചതോടെയാണ് കഥാപാത്രം അമലയിലേക്ക് എത്തിയത്.
മോഹൻലാൽ ഫാൻസ് പേജ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്. ‘കഥാപാത്രങ്ങൾ മാറിമറിഞ്ഞു… 1991-ൽ ‘കിലുക്കം’, ‘ഉള്ളടക്കം’ എന്നീ രണ്ട് ക്ലാസിക് ചിത്രങ്ങൾ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ തിയറ്ററുകളിലെത്തി. രണ്ടും വൻ വിജയങ്ങളായി മാറി. ‘കിലുക്കം’ സർവകാല റെക്കോർഡുകൾ തകർത്ത ബ്ലോക്ക്ബസ്റ്ററായപ്പോൾ ‘ഉള്ളടക്കം’ മോഹൻലാലിന് അദ്ദേഹത്തിന്റെ രണ്ടാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുക്കുകയും കമലിന് അദ്ദേഹത്തിന്റെ ആദ്യത്തെ സംസ്ഥാന അവാർഡ് നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ഇതിൽ രസകരമായ കാര്യം എന്തെന്നാൽ, ഈ രണ്ട് സിനിമകളിലെയും പ്രധാന നായികമാർ കാസ്റ്റിങ്ങിനിടെ പരസ്പരം മാറിപ്പോയിരുന്നു എന്നുളളതാണ്. മലയാള സിനിമയിലെ ഈ രണ്ട് അവിസ്മരണീയ പ്രകടനങ്ങൾക്ക് പിന്നിലെ കൗതുകകരമായ ഒരു വഴിത്തിരിവാണിത്.
1991ൽ പുറത്തിറങ്ങിയ‘കിലുക്കം’ എന്ന ചിത്രത്തിലെ നായികാവേഷത്തിനായി ആദ്യം തിരഞ്ഞെടുത്തത് അമലയെ ആയിരുന്നു, അവർ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുൻപ് ചില വ്യക്തിപരമായ കാരണങ്ങളാൽ അവർക്ക് പിന്മാറേണ്ടി വന്നു, ഇത് ചിത്രീകരണത്തിന് പെട്ടെന്ന് തടസ്സമുണ്ടാക്കി. തുടർന്ന് സംവിധായകൻ പ്രിയദർശൻ തിരിഞ്ഞത്, മുൻപ് താൻ നായികാ വേഷം വാഗ്ദാനം ചെയ്തിട്ടും ‘ചിത്രം’ എന്ന സിനിമ നിരസിച്ച രേവതിയിലേക്കായിരുന്നു. രേവതി ആ കഥാപാത്രത്തെ ഏറ്റെടുത്ത്തോടെ രേവതിയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായി ‘കിലുക്കം’ മാറി.
എന്നാൽ രസകരമായ മറ്റൊരു കാര്യം ജഗതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് ശ്രീനിവാസനെയായിരുന്നു, എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം അദ്ദേഹം പിന്മാറുകയായിരുന്നു.
അതു മാത്രമല്ല, ‘കിലുക്ക’ത്തിൽ സംഭവിച്ചതിന് സമാനമായി, ‘ഉള്ളടക്ക’ത്തിലെ പ്രധാന കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തത് രേവതിയെ ആയിരുന്നു. സംവിധായകൻ കമൽ രേവതിയെ ആയിരുന്നു മനസ്സിൽ കണ്ടിരുന്നത്. എന്നാൽ രേവതിക്ക് ഈ കഥാപാത്രത്തോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. കാരണം, മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരു കഥാപാത്രത്തെ തുടർച്ചയായി മോഹൻലാലിനൊപ്പം അവതരിപ്പിക്കുന്നത് ഒരു പുനരാവിഷ്കരണം പോലെയാകുമെന്ന് അവർ കരുതി. തുടർന്ന്, ആ വേഷത്തിലേക്ക് അമല എത്തുകയായിരുന്നു.
കമലിന്റെ വാക്കുകൾ ഇങ്ങനെയാണ് ‘കിലുക്കത്തിൽ മാനസികാസ്വാസ്ഥ്യമുള്ള നന്ദിനി എന്ന കഥാപാത്രത്തെയാണ് രേവതി ആദ്യ പകുതിയിൽ അവതരിപ്പിക്കുന്നത്. അതേ സ്വഭാവത്തിലുള്ള ഒരു കഥാപാത്രത്തെ ഉള്ളടക്കത്തിലും തുടർച്ചയായി ചെയ്യുന്നത് ഒഴിവാക്കാൻ രേവതി തീരുമാനിച്ചു. ഇതേത്തുടർന്ന്, നിർമാതാവ് സുരേഷ് ബാലാജിയാണ് അമലയുടെ പേര് നിർദേശിച്ചത്. അക്കാലത്ത് ഫാസിലിന്റെ ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിൽ അമല അഭിനയിച്ചു കഴിഞ്ഞിരുന്നു.
കഥ കേട്ടപ്പോൾ അമല ഈ കഥാപാത്രം ചെയ്യാൻ അതീവ ആവേശഭരിതയായി. കഥാപാത്രത്തെ കൂടുതൽ മനസ്സിലാക്കുന്നതിനായി ‘നോബഡീസ് ചൈൽഡ്’ എന്ന ഒരു വിദേശ ഡോക്യുമെന്ററി അമലയ്ക്ക് റെഫറൻസായി നൽകിയിട്ടുമിണ്ടായിരുന്നു. കഥാപാത്രത്തിനു വേണ്ടി ചുരുണ്ട മുടിയുള്ള രൂപം സ്വീകരിക്കുന്നതിനായി അമല വലിയ ആത്മാർത്ഥത കാണിച്ചു. ഷൂട്ട് ചെയ്യുന്നതിനിടയിൽ മുടി വീണ്ടും നീളുമ്പോൾ, ഒരു ദിവസം അവധിയെടുത്തു ചെന്നൈയിൽ പോയി വീണ്ടും മുടി കേൾ ചെയ്താണ് അവർ അഭിനയം പൂർത്തിയാക്കിയത്.’
ഈ മാറ്റം ഇരുവർക്കും ഗുണകരമായി. രേവതിക്ക് അവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ കിലുക്കത്തിലെ ‘നന്ദിനി’ ലഭിച്ചു. അതെ സമയം അമലയ്ക്ക് അവരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ ഉള്ളടക്കത്തിലെ ‘റോസ് മേരി’ ലഭിക്കുകയും ചെയ്തു.
‘ഉള്ളടക്കം’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ‘കിലുക്ക’ത്തിലെ അണിയറപ്രവർത്തകർ ഒരു ചെറിയ പാച്ച്‌വർക്ക് സീക്വൻസ് ചിത്രീകരിക്കാനായി അവിടെയെത്തി. മോഹൻലാൽ കോട്ടും സ്യൂട്ടുമണിഞ്ഞ് രേവതിക്കൊപ്പം നൃത്തം ചെയ്യുന്ന ഐക്കോണിക് ഗാനമായ ‘മീനവേനലിൽ…’ ആയിരുന്നു അത്. കൗതുകകരമായകാര്യമെന്തെന്നാൽ ഈ ഗാനരംഗത്ത് മോഹൻലാൽ ധരിച്ച അതേ വേഷമാണ് ‘ഉള്ളടക്ക’ത്തിലെ തീവ്രമായ ക്ലൈമാക്‌സ് രംഗത്തിനും അദ്ദേഹം ഉപയോഗിച്ചത്.




