സാധാരണയെക്കാൾ മഴക്കാലമായാൽ തലയിൽ താരൻറെ അളവു വല്ലാതെ കൂടാൻ സാധ്യതയുണ്ട്. ഈർപ്പമുള്ള അന്തരീക്ഷമാണ് അതിന് പിന്നിലെ പ്രധാന കാരണം. മഴക്കാലത്ത് വായുവിലെ ഈർപ്പവും ചൂടും കൂടുന്നതിനാൽ തലയോട്ടിയിൽ വിയർപ്പും എണ്ണമയവും വർധിക്കുന്നു. ഈ സാഹചര്യം തലയോട്ടിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മലാസീസിയ എന്ന ഫംഗസിന് വളരാനുള്ള സാഹചര്യം ഒരുങ്ങുന്നു. ചർമത്തിലും സ്കാൽപ്പിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരു യീസ്റ്റ്-തരം ഫംഗസാണ് മലാസീസിയ.
സ്കാൽപ്പിൻ്റെ ശുചിത്വം പാലിക്കുകയാണ് പ്രധാന മാർഗം. മഴക്കാലത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും മുടി കഴുകുന്നത് അമിത എണ്ണ അടിഞ്ഞു കൂടുന്നതും താരനും നീക്കം ചെയ്യാൻ സഹായിക്കും. കെറ്റോകോണസോൾ, സിങ്ക് പൈറിത്തിയോൺ, അല്ലെങ്കിൽ സെലിനിയം സൾഫൈഡ് ഷാംപൂകൾ ഉപയോഗിക്കുന്നത് സ്കാൽപ്പിലെ അമിതമായ മലസീസിയ നീക്കാൻ സഹായിക്കും. താരന് ഷാംപൂ ചെയ്യുമ്പോൾ, ഷാംപൂ പുരട്ടി അഞ്ച് മിനിറ്റിന് ശേഷമാണ് കഴുകിക്കളയേണ്ടത്.
മഴ നനഞ്ഞ ശേഷമോ കുളിച്ച ശേഷമോ തലമുടി വെള്ളത്തോടെ ദീഘനേരം വയ്ക്കുന്നത് ഫംഗസ് വളരാൻ കാരണമാകും. ഈർപ്പമുള്ള കാലാവസ്ഥയിൽ ഒരുപാട് എണ്ണ പുരട്ടുന്നത് താരൻ വർധിപ്പിക്കാൻ കാരണമാകും. കടുത്ത ചൊറിച്ചിൽ, ചുവപ്പ്, അല്ലെങ്കിൽ ഇടയ്ക്കിടെ കഴുകിയിട്ടും താരൻ പൊഴിയുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.


