കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണ് 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എൻസിസിയും എൻഎസ്എസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്കായുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം.
പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ നാലുപേർക്കും ഭരണങ്ങാനം സെന്റ് മേരിസ് എച്ച്എസിലെ 12 പേർക്കുമാണ് പരിക്കേറ്റത്. വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ വിദ്യാർഥികളാണ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നത്. ഇരുമ്പ് ഗർഡറുകളിലുള്ള ഗ്യാലറികൾക്ക് ഇടയിൽ കുരുങ്ങി വിദ്യാർഥികളുടെ കൈകാലുകൾക്കാണ് പരിക്കേറ്റത്.
രാഷ്ട്രപതിയുടെ സന്ദർശന പരിപാടിയുടെ ഭാഗമായി അഴിച്ച് മാറ്റി വച്ചിരുന്ന ഗ്യാലറിയിൽ എൻസിസി ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ എണ്ണം എടുക്കുന്നതിനായി കയറ്റി നിർത്തിയപ്പോഴാണ് ഗ്യാലറി തകർന്നു വീണത്. പരിക്കേറ്റവരെ ഉടൻ തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.




