ഗുജറാത്ത്: ജ്വല്ലറിയിൽ കയറി കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷ്ടിക്കാൻ ശ്രമിച്ച പദ്ധതി പൊളിഞ്ഞ് യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് സംഭവം. ഉടൻ പ്രതികരിച്ച കടയുടമ യുവതിയെ പൊതിരെ തല്ലി കീഴ്പ്പെടുത്തി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
നവംബർ മൂന്നിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖം മറച്ച യുവതി സ്വർണം വാങ്ങാനെന്ന പേരിലാണ് ജ്വല്ലറിയിലെത്തിയത്. പെട്ടെന്ന് മുളകുപൊടി കടയുടമയ്ക്ക് നേരെ എറിഞ്ഞു. എന്നാൽ മുളകുപൊടി കടയുടമയുടെ കണ്ണിൽ വീണില്ല. മോഷണശ്രമം തിരിച്ചറിഞ്ഞ കടയുടമ യുവതിയെ തുടരെ മർദിക്കുകയായിരുന്നു. 25 സെക്കൻഡിനിടെ 20 അടി നൽകിയതായി വിഡിയോയിൽ കാണാം. കടയുടമ പരാതി നൽകിയിട്ടില്ല. യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.










