കോട്ടയം : കുമരകം പക്ഷി സങ്കേതത്തിൽ ഒരാഴ്ചയായി പക്ഷി നിരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ആറംഗ വിദേശ സംഘം 30-ലധികം ഇനം പക്ഷികളെ കണ്ടെത്തി. ഇംഗ്ലണ്ട് സ്വദേശി ആൻഡിയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയിൽ നിന്നുള്ളവരുൾപ്പെടുന്ന സംഘം കേരളത്തെ ദേശാടന പക്ഷികളെപ്പോലെ തങ്ങളുടെ ഇഷ്ട സ്ഥലമായാണ് വിശേഷിപ്പിച്ചത്.
ഗൈഡ് പ്രദീപ് ഐമനത്തിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിൽ പുള്ളിച്ചുണ്ടൻ, കൊതുമ്പനം, വർണക്കൊക്ക് തുടങ്ങിയ 30 ഇനം പക്ഷികളെ സിമന്റ് കവലയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്താനായി. ലോകത്ത് ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന ആർട്ടിക് ടേണിനെ വരെ കണ്ടതായി ഗൈഡ് അറിയിച്ചു.
പാറേച്ചാൽ ബൈപ്പാസിന് സമീപമുള്ള ചതുപ്പുകളിലും സംഘം നിരീക്ഷണം നടത്തിയിരുന്നു. 250ലേറെ വ്യത്യസ്ത വർഗത്തിൽപ്പെട്ട പക്ഷികൾ ചതുപ്പ് മേഖലകളിൽ കാണപ്പെടാറുണ്ടെന്നും ഇവ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും സംഘം പറയുന്നു.നാലാം വയസ്സുമുതൽ പക്ഷികളുടെ മുട്ട ശേഖരിക്കുന്നത് വിനോദമാക്കിയിരുന്ന ആൻഡ്, ഇത് നിയമവിരുദ്ധമായതിനെ തുടർന്നാണ് പക്ഷിനിരീക്ഷണത്തിലേക്ക് തിരിഞ്ഞത്.






