പാലോ മറ്റെന്തെങ്കിലുമോ അടുപ്പിൽ വെച്ചിട്ട് മറന്നുപോകുമ്പോഴും അതിമായി വേവുമ്പോഴുമെല്ലാം അത് പാത്രത്തിന്റെ അടിയിൽ കരിഞ്ഞുപിടിക്കും. അത് വൃത്തിയാക്കാനുള്ള പെടാപ്പാടാണ് പിന്നീട്. സോപ്പിട്ട് എത്ര ഉരച്ചു കഴുകിയാലും കരി പോവില്ല. എന്നാൽ പാത്രത്തിനടിയിൽ കരിഞ്ഞുപിടിച്ച കരി കളയാൻ ചില എളുപ്പ വഴിയുണ്ട്.
പാത്രത്തിൽ അല്പം ബേക്കിങ് സോഡ വിതറുക. അല്പനേരം വെച്ച ശേഷം അതേ അളവിൽ ഉപ്പ് ഇടാം. അരമണിക്കൂറിനു ശേഷം സ്ക്രബർ കൊണ്ട് നന്നായി ഉരയ്ക്കുക. പാത്രം വൃത്തിയാവും.
ഒരു ചെറുനാരങ്ങയുടെ നീര് കരിഞ്ഞ പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഒരു സ്പൂൺ ഉപ്പുമിട്ട് ഒരു മണിക്കൂർ വെക്കുക. എന്നിട്ട് ചെറുനാരങ്ങയുടെ തൊലിയുപയോഗിച്ച് നന്നായി ഉരയ്ക്കുക. അതിനുശേഷം സ്ക്രബർ കൊണ്ട് ഉരച്ച് കഴുകിയെടുക്കാം.
വിനാഗിരി ഉപയോഗിച്ചും കരി കളയാം. പാത്രത്തിലേക്ക് ഒരു സ്പൂൺ വിനാഗിരിയൊഴിച്ച് രണ്ടുമണിക്കൂർ വെക്കുക. അപ്പോൾ കരിയെല്ലാം ഇളകിവരും. എന്നിട്ട് നന്നായി കഴുകിയെടുക്കാം. വിനാഗിരിയൊഴിച്ച ശേഷം ചെറുതായൊന്ന് തിളപ്പിച്ചാൽ കരി പെട്ടെന്ന് പോവും.
കരി കൂടുതലാണെങ്കിൽ ആദ്യം അതിനുമുകളിലേക്ക് ബേക്കിങ് സോഡ തൂവുക. ശേഷം ചെറുനാരങ്ങയുടെ നീരൊഴിച്ച്, അരമണിക്കൂർ വെക്കുക. ഇനി സ്ക്രബർ ഉപയോഗിച്ച് ഉരച്ചുകഴുകാം.




