തൃശ്ശൂർ: ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റിയംഗവും പത്തോളം സഹ പ്രവര്‍ത്തകരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബിജെപി നേതാവ് പ്രദീപ് പറമ്പിക്കാടന് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. പത്തോളം സഹപ്രവര്‍ത്തകരും അവരുടെ വീട്ടുകാരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദീവസങ്ങളില്‍ നിരവധി പ്രവര്‍ത്തകരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് പ്രദീപ് പറമ്പിക്കാടന്‍ പറഞ്ഞു.
നേതൃത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് രാജിക്ക് കാരണമെന്ന് പ്രദീപ് അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. ഒ. പൈലപ്പന്‍,ഡിസിസി ജനറല്‍ സെക്രട്ടറി കെ.ജെയിംസ് പോള്‍, മുന്‍ ചെയര്‍മാന്‍ എബി ജോര്‍ജ്ജ്യു, ഡിഎഫ് കണ്‍വീനര്‍ ഒ.എസ്. ചന്ദ്രന്‍, യുഡിഎഫ് ചെയര്‍മാന്‍ അഡ്വ.സി.ജി. ബാലചന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പോള്‍.പി.വി.വേണു ജോണി പുല്ലന്‍ ബാബു പറമ്പി്ക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രദീപ് ബിജെപി ഏരിയ കമ്മിറ്റിയംഗം മാത്രമായിരുന്നു എന്നും മറ്റു കൂടെ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ ആര്‍ക്കും ബിജെപിയുടെ ഒരു ചുമതലകളും ഇല്ലെന്ന് ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത് അഭിപ്രായപ്പെട്ടു.






