തൃശ്ശൂർ : ഗുരുവായൂരിനെ കൂടുതൽ മികവുറ്റ നഗരസഭയാക്കാനുള്ള ലക്ഷ്യത്തോടെ എൽഡിഎഫ് ഗുരുവായൂർ വികസന രേഖ പുറത്തിറക്കി. പടിഞ്ഞാറെ നട റോഡിന്റെ വികസനം, പടിഞ്ഞാറെ നടയിൽ ബസ് ബേ സ്ഥാപിക്കൽ, തിരുവെങ്കിടം അടിപാത, ദേശീയപാതയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള പുതിയ റോഡ് നിർമ്മാണം, കമ്പിപാലത്ത് മാർക്കറ്റ് സമുച്ചയത്തിന്റെ വിപുലീകരണം, മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സ് നവീകരിക്കൽ, ഹെലിപാഡ് ഒരുക്കം, മഞ്ചിറയിൽ മെക്കനൈസ്ഡ് പാർക്കിംഗ് സമുച്ചയം, മാവിൻച്ചുവട് റോഡ് വികസനം, നഗരത്തിലെ കുട്ടികളുടെ പാർക്ക് നവീകരണം, അഴുക്ക് ചാൽ പദ്ധതി പുതുക്കിപ്പണിയൽ, മൊബൈൽ സെപ്റ്റേജ് പ്ലാന്റ് തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ വികസന രേഖയിൽ ഉൾപ്പെടുത്തി.
വികസന രേഖയുടെ പ്രകാശന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, ജനറൽ കൺവീനർ സി. സുമേഷ്, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, മുൻ നഗരസഭ അധ്യക്ഷന്മാരായ ടി.ടി. ശിവദാസൻ, ഗീതാ ഗോപി, പി.എസ്. ജയൻ, ജി.കെ. പ്രകാശൻ, ശ്രീനിവാസൻ, പി.ഐ. സൈമൺ, കെ.ആർ. സൂരജ്, എൻ.പി. നാസർ, ആർ.വി. ഇക്ബാൽ, ആർ.എച്ച്. അബ്ദുൽ സലീം, കെ. മോഹൻദാസ്, അനൂപ് പെരുമ്പിലാവ്, അശ്വിൻ ഗുരുവായൂർ എന്നിവർ പങ്കെടുത്തു.






