തൃശൂർ: ദേവസ്വം സ്റ്റാഫിനു പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ഒരു ഫ്ലാറ്റ് സന്ദർശിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ വോട്ടു ചോദിച്ചുവെന്നു പറഞ്ഞ് ഇക്കാര്യം മഹാപരാധമായി പോയെന്നുള്ള അവതരണവും വാർത്തയും പ്രസ്താവനയും വിവരമില്ലായ്‌മയുടെ നഗ്ന പ്രദർശനമാണെന്ന് ഗുരുവായൂർ നഗരസഭ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി സുമേഷ്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ സ്ഥാനം പ്രസിഡണ്ട്, ഗവർണർ, സ്‌പീക്കർ തുടങ്ങി രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കാൻ പാടില്ലാത്ത ഒരു ഭരണഘടനപദവിയല്ല. നിരവധി രാഷ്ട്രീയ നേതാക്കൾ ഈ പദവി നേരത്തെ വഹിച്ചിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു. ഒരു സ്വകാര്യ വാഹനത്തിൽ സ്വകാര്യ സ്ഥലത്ത് സന്ദർശനം നടത്തിയതും കൂടെ ദേവസ്വം ജീവനക്കാരനും ഒരു വാർഡിലെ സ്ഥാനാർത്ഥിയും ഉണ്ടായി എന്നതും വോട്ട അഭ്യർത്ഥിച്ചതും എങ്ങനെ സത്യപ്രതിജ്ഞ ലംഘനമാകുമെന്ന് സുമേഷ് ചോദിച്ചു. ദേവസ്വം ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമ്പോഴുള്ള സത്യപതിജ്ഞ പോലും അറിയാത്ത ചില നാലാംകിട രാഷ്ട്രീയക്കാരുടെ വിവരദോഷ ജൽപനങ്ങൾ ജനം പുച്ഛിച്ച് തള്ളുമെന്നും സുമേഷ് പറഞ്ഞു.
ദേവസ്വം ചെയർമാൻ വോട്ടു ചെയ്യുന്നതും ആരോടെങ്കിലും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നതും എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുന്നതെന്നും ഗുരുവായൂർ ദേവസ്വം ഉൾപ്പെടെ നിരവധി ബോർഡുകൾ ഉണ്ട്. ഇത്തരം ബോർഡുകളിലെ ചെയർമാൻമാർക്കും അംഗങ്ങൾക്കും തെരഞ്ഞെടുപ്പിൽ വോട്ടർഭ്യർത്ഥിക്കാൻ പാടില്ലെന്ന് ഏത് നിയമ വ്യവസ്ഥയിലാണ് പറയുന്നതെന്ന് സുമേഷ് ചോദിച്ചു.
അസത്യപ്രചരണങ്ങളും വിവാദങ്ങളും ഉയർത്തി ജനങ്ങളെ തെറ്റുധരിപ്പിക്കാനുള്ള ശ്രമം വില പോവില്ലെന്നും എൽ.ഡി.എഫിൻ്റെ മുന്നേറ്റത്തിൽ വിറളി പൂണ്ടവരുടെ നിലവിളിയായിട്ടേ ഇത്തരം ഒച്ചപ്പാടുകളെ കാണാനാകു എന്നും വോട്ടെപ്പിന മുൻപ് തന്നെ പ്രതിപക്ഷം പരാജയം സമ്മതിച്ചതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.




