ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയം നടപ്പിലായാൽ ഒരു സംസ്ഥാനങ്ങളുടേയും ലോക്‌സഭയിലെ പ്രാതിനിധ്യാനുപാതത്തിൽ മാറ്റം വരില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. നിലവിൽ ഇന്ത്യയിൽ ഓരോ എം.പി.യും ഏകദേശം 25 മുതൽ 27 ലക്ഷം വരെ ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ലോകത്തിലെ പല ചെറിയ രാജ്യങ്ങളുടെയും ജനസംഖ്യയ്ക്ക് തുല്യമായ വലിയ ഭാരമാണ്. 1971-ൽ 60 കോടിയിൽ താഴെയായിരുന്ന ഇന്ത്യയിലെ ജനസംഖ്യ ഇന്ന് 140 കോടി കടന്ന സാഹചര്യത്തിൽ സീറ്റുകളുടെ വർദ്ധനവ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ പുനർനിർണ്ണയത്തിൽ സീറ്റുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ നിലവിലെ 20-ൽ നിന്ന് 30 ആയി ഉയരും. അതുപോലെ തമിഴ്‌നാടിന് 59 സീറ്റുകളും (നിലവിൽ 39), കർണ്ണാടകയ്ക്ക് 42 സീറ്റുകളും (നിലവിൽ 28) ലഭിക്കും. ആന്ധ്രാപ്രദേശിന് 38 സീറ്റുകളും തെലങ്കാനയ്ക്ക് 26 സീറ്റുകളും ലഭിക്കുന്നതോടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ആകെ ലോക്‌സഭാ വിഹിതം 24 ശതമാനമായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.




