കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോഗ്യ സർവകലാശാല അധികൃതർ ഇന്ന് കോളേജിൽ നേരിട്ടെത്തി അന്വേഷണം നടത്തും. സർവകലാശാല ഭരണസമിതി അംഗം മേജർ ജനറൽ അജിത്ത് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്.
കേസിൽ ആരോപണ വിധേയരായ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ ഒളിവിൽ തുടരുകയാണ്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനകളുണ്ട്.
നിതിൻ രാജ് മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തിനയച്ച ശബ്ദസന്ദേശം കേസിൽ നിർണായകമായി മാറിയിട്ടുണ്ട്. ചില അധ്യാപകരിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടതായി സന്ദേശത്തിൽ വ്യക്തമാക്കുന്നു. എന്ത് പ്രതിസന്ധി വന്നാലും പഠനം പൂർത്തിയാക്കി ഡോക്ടറാകുമെന്ന തന്റെ ദൃഢനിശ്ചയവും നിതിൻ സന്ദേശത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനിടെ, കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് അവസാന വർഷ വിദ്യാർഥികൾ ആരംഭിച്ച ക്ലാസ് ബഹിഷ്കരണ സമരം തുടരുകയാണ്.




