ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റും ബി.എൻ.പിയുടെ സ്ഥാപകനുമായ സിയാവുർ റഹ്മാൻ വധക്കേസിൽ പ്രതിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ 45 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. മുൻ ആർമി മേജർ മുസാഫർ ഹൊസൈൻ (77) ആണ് ധാക്കയിലെ ബനാനി ഡി.ഒ.എച്ച്.എസ് പ്രദേശത്തുനിന്ന് ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അറസ്റ്റ്.
നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പിതാവാണ് കൊല്ലപ്പെട്ട സിയാവുർ റഹ്മാൻ. കൊലപാതകത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിർണായക അറസ്റ്റ് നടന്നത്.
1981 മെയ് 30-ന് ചിറ്റഗോങ് സർക്യൂട്ട് ഹൗസിൽ നടന്ന അട്ടിമറി ശ്രമത്തിനിടെയാണ് സിയാവുർ റഹ്മാൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസ് രേഖകൾ പ്രകാരം പ്രസിഡന്റിന് നേരെ നേരിട്ട് വെടിയുതിർത്ത പ്രധാന പ്രതികളിൽ ഒരാളാണ് മുസാഫർ ഹൊസൈൻ. കൊലപാതകത്തിന് പിന്നാലെ രാജ്യംവിട്ട ഇയാൾ നാല് പതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു.
അറസ്റ്റിലായ മുസാഫർ ഹൊസൈനെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം തുടർ സൈനിക വിചാരണയ്ക്കായി ബംഗ്ലാദേശ് സൈന്യത്തിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.




