കോഴിക്കോട്: ഊബർ ടാക്സിയിൽ യാത്ര ചെയ്ത സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊറ്റമ്മലിലെ സ്കൈലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന ശിഹാബ് (46) ആണ് കസബ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുങ്കത്തറ സ്വദേശിയായ പരാതിക്കാരിയും സുഹൃത്തുക്കളും ഉച്ചയ്ക്ക് കോട്ടൂളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ശിഹാബ് ഓടിച്ചിരുന്ന ഊബർ ടാക്സിയിൽ കയറുകയായിരുന്നു.
യാത്രയ്ക്കിടെ ശിഹാബ് പരാതിക്കാരിയോട് അപമര്യാദയായി സംസാരിക്കുകയും കോഴിക്കോട് കൈരളി തിയേറ്ററിന് സമീപം എത്തിയപ്പോൾ ശരീരത്തിൽ കയറി പിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. എതിർത്ത പരാതിക്കാരിയെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് മൊഴിയിൽ പറയുന്നു.
തുടർന്ന് വാഹനം നിർത്തിച്ച് ഇരുവരും പുറത്തിറങ്ങിയപ്പോൾ ശിഹാബ് അശ്ലീല ആംഗ്യം കാണിച്ചതായും പരാതിയിലുണ്ട്.
പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസ് കേസെടുത്ത് ശിഹാബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


