തിരുവനന്തപുരം: കാന്തപുരം നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി പാളയം ഇമാം. പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും സ്ത്രീകൾ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി രംഗത്ത് വന്നത് . ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ ഒരിടത്തും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ച് ഇമാം നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾക്ക് ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതിക വ്യാഖ്യാനങ്ങൾ പറയുന്നതുപോലെ പരിമിതപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നബിയുടെ കാലത്തുതന്നെ സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നുവെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ടെന്ന് പ്രവാചകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇമാം ചൂണ്ടിക്കാട്ടി.
പ്രവാചകന്റെ പത്നി ആയിഷ ബീവി പൊതുരംഗത്ത് സജീവമായി ഇടപെടുകയും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ചരിത്രവും അദ്ദേഹം പരാമർശിച്ചു. ഉമർ ഖലീഫയുടെ ഭരണകാലത്ത് കമ്പോളങ്ങളുടെ മേൽനോട്ടം പോലുള്ള പ്രധാന ചുമതലകൾ സ്ത്രീകൾ വഹിച്ചിരുന്നതായും ഇമാം വ്യക്തമാക്കി.
സ്ത്രീകൾ പൊതുരംഗത്തേക്ക് കടക്കുന്നതിനെയും നേതൃനിരയിലേക്ക് എത്തുന്നതിനെയും യാഥാസ്ഥിതിക വിഭാഗങ്ങൾ എതിർക്കുന്ന സാഹചര്യത്തിലാണ് പാളയം ഇമാമിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്.












