കോട്ടയം: പാലാ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും വോട്ടെണ്ണൽ ദിനമായ ഡിസംബർ 13-ന് പാലായിൽ ആഹ്ലാദപ്രകടനം നടത്തുമെന്നും മുൻ മുനിസിപ്പൽ വൈസ് ചെയർമാനും ഡിസിസി മെമ്പറുമായ അഡ്വ. സന്തോഷ് കെ. മണർകാട്ട് പ്രസ്താവിച്ചു. കെപിസിസി സാഹിതി സാംസ്‌കാര സ്‌ക്വാഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വാർഡുകൾ സന്ദർശിച്ചപ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എൽഡിഎഫ് ഭരണസമിതിക്കെതിരെ വാർഡുകളിലുള്ള കടുത്ത എതിർപ്പും പ്രതിഷേധവും യുഡിഎഫിന് അനുകൂലമായ വോട്ടായി മാറും. ഒരു എൽഡിഎഫ് ഗവൺമെന്റിന്റെ കീഴിൽ അഞ്ച് ചെയർമാന്മാരെയും ആറ് വൈസ് ചെയർമാന്മാരെയും പത്തോളം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെയും നിയമിച്ചിട്ടും വാർഡുകളിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടത്താത്ത കൗൺസിലിനോടുള്ള അതൃപ്തിയാണ് യുഡിഎഫിന്റെ വൻ വിജയത്തിന് വഴിയൊരുക്കുകയെന്നും അഡ്വ. സന്തോഷ് കെ. മണർകാട്ട് കൂട്ടിച്ചേർത്തു.






