ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ. രാജ്യത്തെ ഫുട്ബോളിന്റെ നിലവാരം ദയനീയമായി താഴ്ന്നുവെന്നും ഫെഡറേഷന് പുതിയ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകൻ ബൈച്ചുങ് ബൂട്ടിയ ഉൾപ്പെടെ 15 മുൻ താരങ്ങൾ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.
കല്യാൺ ചൗബേയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കെതിരെയാണ് താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഫെഡറേഷനെ നയിക്കാൻ പ്രവർത്തനപരിചയവും കായികരംഗത്തെ പാരമ്പര്യവുമുള്ള വ്യക്തിയെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഫിഫ റാങ്കിങ്ങിൽ വലിയ ഇടിവുണ്ടായതായും താരങ്ങൾ ചൂണ്ടിക്കാട്ടി. 95-ാം സ്ഥാനത്തുനിന്ന് 138-ാം സ്ഥാനത്തേക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടത്. വരും വർഷങ്ങളിൽ സമ്മർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് ഈ റാങ്കിങ് വലിയ തിരിച്ചടിയാണെന്നും കത്തിൽ പറയുന്നു.
ബ്രസീൽ, ഉറുഗ്വായ് ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചതിനെയും മുൻ താരങ്ങൾ വിമർശിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം ഉയർത്തുന്നതിന് പകരം ഫെഡറേഷന്റെ പബ്ലിസിറ്റി സ്റ്റണ്ടായി മാത്രമാണ് ഇത്തരം മത്സരങ്ങൾ മാറിയതെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ലീഗ് ആരംഭിക്കുന്നതിൽ കാലതാമസം വരുത്തുമ്പോഴും ഇത്തരം സൗഹൃദ മത്സരങ്ങൾക്കായി വലിയ തുക ചെലവഴിച്ചുവെന്നും കത്തിൽ വിമർശിക്കുന്നു.
ബ്രസീൽ, ഉറുഗ്വായ്, പനാമ ടീമുകൾക്കെതിരായ മത്സരങ്ങൾ കാരണം ഫിഫ സംഘടിപ്പിക്കുന്ന ആസിയാൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ദേശീയ ടീമിന് നഷ്ടമായെന്നും താരങ്ങൾ ചൂണ്ടിക്കാട്ടി. കൊൽക്കത്തയിലെ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ നടന്ന മത്സരങ്ങൾ ഫെഡറേഷന്റെ പ്രതിച്ഛായയ്ക്ക് ഗുണത്തേക്കാൾ ദോഷമാണ് ചെയ്തതെന്നും കത്തിൽ പറയുന്നു.
ഇന്ത്യൻ ഫുട്ബോളിലെ സാമ്പത്തിക പ്രതിസന്ധി ക്ലബ്ബുകളെയും താരങ്ങളെയും ബാധിക്കുന്നതായും മുൻ താരങ്ങൾ മുന്നറിയിപ്പ് നൽകി. ലീഗ് ആരംഭിക്കുന്നതിലെ അനിശ്ചിതത്വം കാരണം ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജംഷഡ്പൂർ എഫ്.സി ഉൾപ്പെടെയുള്ള ക്ലബ്ബുകൾ പ്രവർത്തനം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടായെന്നും ഇത് താരങ്ങളുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുത്തുകയാണെന്നും കത്തിൽ ആരോപിക്കുന്നു.
എഐഎഫ്എഫിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 20ന് നടക്കാനിരിക്കെയാണ് മുൻ താരങ്ങളുടെ ഈ ഇടപെടൽ. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനിടെ പുതിയ നേതൃത്വത്തിനായുള്ള ആവശ്യം കായികരംഗത്ത് ചർച്ചയായിരിക്കുകയാണ്.




