വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റിങ്ങിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇതോടെ ന്യൂസീലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടന്ന് ഇന്ത്യ ലീഡും സ്വന്തമാക്കി. ഇന്ത്യൻ നിരയിലെ ആദ്യ അഞ്ച് ബാറ്റർമാരും അർധസെഞ്ചുറി പിന്നിട്ട അപൂർവ നേട്ടത്തിനും മത്സരം സാക്ഷ്യം വഹിച്ചു.
94 വർഷത്തെ ടെസ്റ്റ് ചരിത്രത്തിനിടെ ആദ്യമായാണ് ഒരു വിദേശ ടെസ്റ്റിൽ ഇന്ത്യൻ ടീമിലെ ആദ്യ അഞ്ച് ബാറ്റർമാരും കുറഞ്ഞത് അർധസെഞ്ചുറി നേടുന്നത്. ഇതുവരെ അഞ്ച് തവണയാണ് ഇന്ത്യൻ ടീം ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. എന്നാൽ അതിൽ നാല് തവണയും മത്സരങ്ങൾ നടന്നത് ഇന്ത്യയിലായിരുന്നു. ന്യൂസീലൻഡിൽ ആദ്യമായാണ് ഇന്ത്യൻ മുൻനിരയിലെ അഞ്ച് ബാറ്റർമാരും അർധസെഞ്ചുറി തികയ്ക്കുന്നത്.
ഓപ്പണർ യശസ്വി ജയ്‌സ്വാൾ 89 പന്തിൽ 85 റൺസെടുത്ത് മികച്ച തുടക്കം നൽകി. കെ.എൽ. രാഹുൽ 136 റൺസുമായി സെഞ്ചുറി നേടി. ഇതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ എന്നീ സെന രാജ്യങ്ങൾക്കെതിരെ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. ന്യൂസീലൻഡിൽ 12 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം ടെസ്റ്റ് സെഞ്ചുറി നേടുന്നത്. 2014 ഫെബ്രുവരിയിൽ ഇതേ ഗ്രൗണ്ടിൽ അജിങ്ക്യ രഹാനെയും വിരാട് കോലിയുമായിരുന്നു ഇതിനുമുമ്പ് സെഞ്ചുറി നേടിയത്.
ദേവദത്ത് പടിക്കൽ 80 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസുമായി മടങ്ങി. 62 പന്തിൽ 55 റൺസെടുത്ത് ഋഷഭ് പന്ത് ക്രീസിലുണ്ട്. ഇതിനിടെ ഗില്ലും പന്തും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3000 റൺസ് എന്ന നേട്ടത്തിലെത്തി. ആദ്യം ഗില്ലാണ് ഈ കടമ്പ കടന്നത്. പിന്നാലെ പന്തും നേട്ടം സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3000 റൺസ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററെന്ന റെക്കോഡും പന്തിന് സ്വന്തമായി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് ഇംഗ്ലണ്ട് താരം ജോ റൂട്ടാണ്. 6815 റൺസാണ് റൂട്ടിന്റെ സമ്പാദ്യം.


