ബലൂചിസ്ഥാൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രധാന റെയിൽവേ ലൈനിൽ മുഷ്‌കാഫ്, ദാഷ്ത് പ്രദേശങ്ങളിലായി രണ്ട് ബോംബ് സ്‌ഫോടനങ്ങൾ. പെഷാവറിലേക്കുള്ള ജാഫർ എക്‌സ്പ്രസിനെയും കറാച്ചി ലക്ഷ്യമാക്കിയ ബോളൻ മെയിലിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ട്രെയിനുകൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്‌ഫോടനത്തെ തുടർന്ന് റെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം കർശന സുരക്ഷ ഏർപ്പെടുത്തി. ക്വെറ്റയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ പ്രത്യേക അനുമതിയോടെ മാത്രമാക്കി. ബലൂച് വിഘടനവാദം പാകിസ്താൻ നേരിടുന്ന വലിയ വെല്ലുവിളിയായി തുടരുന്നതായും, അഫ്ഗാനിസ്താനിൽ നിന്ന് ഇവർക്ക് പിന്തുണ ലഭിക്കുന്നുവെന്നുമാണ് പാകിസ്താന്റെ ആരോപണം.










