ആലപ്പുഴ :ശബരിമല സ്വര്‍ണകൊള്ള കേസില്‍ പിടിയിലായ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നും ആരാണ് സംരക്ഷണം നല്‍കുന്നതെന്നു ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്നും കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല
എം.എൽ.എ പിടിയിലായ പ്രതികളെ സിപിഎമ്മിന് ഭയമാണ്. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സ്വൈര്യ വിഹാരം നടത്തുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന രണ്ട് പേര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ സ്വര്‍ണ കൊള്ള നടത്താന്‍ സാധിക്കില്ല. കോടാനുകോടി ഭക്തരുടെ ഹൃദയത്തില്‍ ഏല്‍പ്പിച്ച മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ആദരവോടെയും ഭക്തിയോടെയും ക്ഷേത്രങ്ങളില്‍ ഭക്തര്‍ നല്‍കുന്ന കാണിക്ക ആത്മ സമര്‍പ്പണമാണ്. ക്ഷേത്രങ്ങളില്‍ നിന്ന് മോഷണം പോകുന്ന സ്വര്‍ണം കണ്ടെത്തേണ്ട ഉത്തരവാദിത്തം എസ്‌ഐടിക്കുണ്ട്. അന്വേഷണം അവസാനിക്കാന്‍ വെറും മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ തൊണ്ടി മുതല്‍ പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ജുവലറിയില്‍ നിന്നും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സ്വര്‍ണം ശബരിമലയില്‍ നിന്ന് കളവ് പോയത് തന്നെയാണോ എന്നതില്‍ വ്യക്തതയില്ല. അന്തര്‍ ദേശീയ വിപണിയില്‍ വളരെ മൂല്യമുള്ള സ്വര്‍ണമാണിത്. ഇക്കാര്യം കൃത്യമായി എസ്‌ഐടിയോട് പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ പ്രതികളിലേയ്ക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ല. വന്‍ സ്രാവുകള്‍ ഇപ്പോഴും രക്ഷപ്പെട്ടു നില്‍ക്കുന്നു എസ്‌ഐടിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു എന്നാണ് ഹൈക്കോടതി പറഞ്ഞത്.
യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയും സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അറസ്റ്റിലായിട്ടും എല്‍ഡിഎഫ് നടപടി സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി എന്തുകൊണ്ട് നടപടി സ്വീകരിച്ചിട്ടില്ല എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരും എന്ന ഭയം പാര്‍ട്ടിക്കുണ്ട്.പ്രതിപക്ഷ നേതാവായിരിക്കേ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലുള്ള പഴയ ഉരുപ്പടികള്‍ ലേലത്തില്‍ വില്‍ക്കാനുള്ള അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രഡിഡന്റ് എന്‍.വാസുവിന്റെ ശ്രമത്തിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ ഇടപെടല്‍ നടത്തിയാണ് മരവിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനാണ് എസ്‌ഐടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് അഡ്വ.ബി ബാബു പ്രസാദ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ.ഡി സുഗതന്‍, എ എ ഷുക്കൂര്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.






