തൃശ്ശൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പി.എം താഹിർ ചുമതലയേറ്റു. പത്താം വാർഡ് അംഗമായ പി.എം താഹിറിന്റെ പേര് ഷക്കീർ മാസ്റ്റർ നിർദേശിക്കുകയും ലീന സജീവൻ പിന്താങ്ങുകയും ചെയ്തു. എൽഡിഎഫിന് പഞ്ചായത്തിൽ രണ്ട് സീറ്റുകൾ മാത്രമുള്ളതിനാൽ ആരെയും സ്ഥാനാർത്ഥിയായി നിർദേശിച്ചില്ല. ബിജെപിയിലെ ഒരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ തെരഞ്ഞെടുപ്പ് നടന്നില്ല.
യുഡിഎഫിലെ 11 അംഗങ്ങളുടെ പിന്തുണയോടെയാണ് പി.എം താഹിറിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. വരണാധികാരി ജലജകുമാരിയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. തുടർന്ന് പി.എം താഹിർ സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി സ്ഥാനമേറ്റു. ചുമതലയേറ്റതിനെ തുടർന്ന് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പി.എം താഹിറിനെ ഹാരമണിയിച്ച് സ്വീകരണം നൽകി.




