തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ദീർഘകാലമായി ഉയർന്നുവന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് വനംവകുപ്പിന്റെ നടപടി. പുതിയ ഉത്തരവ് പ്രകാരം പാമ്പുകടി, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിച്ചാൽ ആശ്രിതർക്ക് നൽകുന്ന ധനസഹായം 14 ലക്ഷം രൂപയിൽ നിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തി.
അതേസമയം, പാമ്പുകടി, തേനീച്ച അല്ലെങ്കിൽ കടന്നൽ കുത്ത് മൂലം മരണം സംഭവിക്കുന്ന കേസുകളിൽ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം നാല് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കുമുള്ള സാമ്പത്തിക സഹായത്തിലും വർധന വരുത്തിയിട്ടുണ്ട്.
വന്യജീവി ആക്രമണത്തിൽ 40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നൽകുന്ന ധനസഹായം രണ്ട് ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായി ഉയർത്തി. 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം 2.5 ലക്ഷം രൂപയിൽ നിന്ന് 3,12,500 രൂപയായും വർധിപ്പിച്ചു.
നിസ്സാര പരിക്കുകൾ സംഭവിക്കുന്നവർക്ക് 12,500 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
വന്യജീവി ആക്രമണങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തുക വർധിപ്പിച്ചുള്ള സർക്കാർ ഉത്തരവ്. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും കൂടുതൽ സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.
നഷ്ടപരിഹാരത്തുക വർധിപ്പിച്ചതോടെ വന്യജീവി ആക്രമണങ്ങളുടെ ഇരകളാകുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ വർധനയുണ്ടാകും.



