കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മൂലം ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട് കെഎസ്ആർസി ബസ് സ്റ്റാൻഡിൽ തിരൂർ-ചമ്രവട്ടം വഴി പൊന്നാനി, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസ്സുകളും എടപ്പാൾ വഴി തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ദീർഘദൂര ബസുകളുമാണ് മണിക്കൂറുകൾ വൈകി ഓടുന്നത്.
ഇന്നലെ രാത്രി 8:30 ഓടെ കോഴിക്കോട് എത്തേണ്ട നിരവധി ബസുകൾ 11 മണിയായിട്ടും സ്റ്റാൻഡിൽ എത്തിയിട്ടില്ല. നൂറുകണക്കിന് യാത്രക്കാരാണ് ബസ് കിട്ടാതെ സ്റ്റാൻഡിൽ ഇരിക്കാൻ പോലും ഇടമില്ലാതെ ദുരിതത്തിലായത്. റിസർവേഷൻ യാത്രക്കാരാണ് ഇവരിൽ അധികവും.
ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ലഭിക്കാത്തതും യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. കോഴിക്കോട് കെ എസ് ആർ ടി സി അന്വേഷണ കൗണ്ടറിൽ യാത്രക്കാർ ബഹളം വെച്ചെങ്കിലും ‘ചുരത്തിൽ ട്രാഫിക് ബ്ലോക്കാണ്, ബസ് വരും’ എന്നുള്ള മറുപടി മാത്രമാണ് ലഭിച്ചത്.










