തൃശൂർ: നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ യഥാർത്ഥ സി.പി.എം പ്രവർത്തകരല്ലെന്നും പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവരാണെന്നും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. തന്റെ മകളുടെ വിവാഹത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും പങ്കെടുത്തിരുന്നു. എന്നാൽ മമ്മൂട്ടിക്കെതിരെ മാത്രമാണ് സൈബർ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ ചെറുതാകുന്നത് സി.പി.എമ്മാണ്. ഞാൻ അടിമുടി ബി.ജെ.പിക്കാരനാണ്. എന്നാൽ വ്യക്തിപരമായി എല്ലാവരുമായും സൗഹൃദം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. കേരളവർമ കോളേജിൽ ഞാൻ ജയിച്ചത് എസ്.എഫ്.ഐക്കാരുടെ വോട്ട് കൊണ്ടാണ്’ – ഗോപാലകൃഷ്ണൻ പറഞ്ഞു.
സി.പി.എം നേതാക്കൾ ഒരിക്കലും മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തില്ലെന്നും പാർട്ടിയുടെ പേര് പറഞ്ഞ് നടക്കുന്ന ചില പ്രത്യേക താൽപര്യക്കാരായ ആളുകളായിരിക്കാം ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുമായും മോഹൻലാലുമായും തനിക്ക് സൗഹൃദമുണ്ടെന്നും മോഹൻലാൽ സ്ഥലത്തില്ലാത്തതിനാലാണ് വിവാഹത്തിൽ പങ്കെടുക്കാതിരുന്നതെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
മമ്മൂട്ടി, പിണറായി വിജയൻ, വി.ഡി. സതീശൻ തുടങ്ങിയവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഭാഷയ്ക്കും വേഷത്തിനുമെല്ലാം അതീതമായ സൗഹൃദത്തിന്റെ രാഷ്ട്രീയമാണ് ഇന്നത്തെ മതേതര കേരളത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


