തൃശ്ശൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുന്നംകുളത്ത് നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ 89 പോയിന്റ് നേടി തൃശ്ശൂർ സെന്റ് തോമസ് കോളേജ് ചാമ്പ്യന്മാരായി. 56 പോയിന്റ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും, 16 പോയിന്റ് നേടിയ ദേവഗിരി സെന്റ് ജോസഫ് കോളേജ് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ ഫലപ്രഖ്യാപനത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ ചാമ്പ്യന്മാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല; ഇത് പിന്നീട് അറിയിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കോച്ചുമായ വിക്ടർ മഞ്ഞില ചാമ്പ്യന്മാർക്ക് ട്രോഫികൾ വിതരണം ചെയ്തു. ആദ്യമായാണ് കാലിക്കറ്റ് സർവകലാശാലയുടെ അത്‌ലറ്റിക് മീറ്റ് കുന്നംകുളത്ത് നടന്നത്. കുന്നംകുളം ബഥനി കോളേജ് നേതൃത്വത്തിലായിരുന്നു സംഘാടനം.
സമാപന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ വി.പി, യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ.പി മനോജ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ ജി, ബഥനി കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ബെഞ്ചമിൻ , പ്രിൻസിപ്പൽ ഡോ. സി.എൽ. ജോഷി എന്നിവർ പങ്കെടുത്തു.




